പേജുകള്‍‌

2010, ജൂൺ 23, ബുധനാഴ്‌ച

തീക്കനല്‍ തീരങ്ങളില്‍ മേയാന്‍ വിധിച്ചവര്‍

പ്രിയമുള്ളവരേ , നമുക്കെല്ലാവര്‍ക്കും ജീവിതാനുഭവങ്ങള്‍ ധാരാളമുണ്ടാകും .ചില അനുഭവങ്ങള്‍ എത്ര മായ്ക്കാന്‍ ശ്രമിച്ചാലും ഉപബോധ മനസ്സിലങ്ങിനെ കിടക്കും . എന്റെ എളിയ ജീവിതത്തിലും ഒരു പാട് ജീവിതങ്ങളുടെ നല്ലതും അല്ലാത്തതുമായ അനുഭവങ്ങള്‍ തറഞ്ഞു കിടക്കുന്നു . അതില്‍ ഒരെണ്ണം ഞാന്‍ നിങ്ങളുമായി പങ്കുവെക്കാം .
തിരക്കൊഴിഞ്ഞപ്പോള്‍ ഓഫീസ് ബോയ് വന്നു പറഞ്ഞു...
സര്‍, കുറച്ചു നേരമായി രണ്ടു സ്ത്രീകള്‍ കാണാന്‍ കാത്തിരിക്കുന്നു.
അവരെ അകത്തേക്കു വിളിക്കൂ...
പാറിപ്പറന്ന തലമുടിയും മുഷിഞ്ഞ ചുരിദാറും കരഞ്ഞുകലങ്ങിയ കണ്ണുകളും വിഷാദം തളം കെട്ടിയ മുഖവുമായി ഒരുവള്‍.
വിലകുറഞ്ഞ പര്‍ദ്ദയും വളരെ വില കുറഞ്ഞ അത്തറും പൂശി നിര്‍വ്വികാരഭാവത്തില്‍ മറ്റൊരുവള്‍.
ക്യാബിനില്‍ കടന്നപാടെ ചുരിദാറുകാരി സാര്‍ എന്നു വിളിച്ചപ്പോഴേക്കും കരച്ചിലടക്കാന്‍ കഴിയാതെ തേങ്ങിത്തേങ്ങി കരഞ്ഞു.
ഞാനൊന്നമ്പരന്നു.
ആശ്വസിപ്പിക്കാന്‍ ശ്രമിച്ച പര്‍ദ്ദാധാരിണിയെ ഞാന്‍ സ്നേഹപൂര്‍വ്വം വിലക്കി.
സാരമില്ല കരഞ്ഞുതീരട്ടെ........ നിങ്ങളിരിക്കൂ.
രണ്ടുപേരും എനിക്കഭിമുഖമായിട്ടുള്ള കസേരകളില്‍ ഇരുന്നു.
കൂട്ടുകാരി തേങ്ങുന്നതിനിടയ്ക്ക് പര്‍ദ്ദയണിഞ്ഞവള്‍ സ്വയം പരിചയപ്പെടുത്തി.
സാര്‍ ഞാന്‍ ജമീല. ഇവള്‍ ജാനു. ഇവളെ എങ്ങിനെയെങ്കിലും രക്ഷപ്പെടുത്തണം അത്രയ്ക്കു ദയനീയമാണ്' ഇവളുടെ കാര്യം .
സംസാരിക്കുവാന്‍ തുടങ്ങിയപ്പോള്‍ ജമീലയുടെകണ്ണുകള്‍ നിറഞ്ഞു. വാക്കുകള്‍ മുറിഞ്ഞു.തൊണ്ടയിടറി.
സാര്‍ ഞങ്ങള്‍ പാവങ്ങളാണ് .കുടുംബത്തിലെ ദാരിദ്ര്യം സഹിക്കാനാവാതെ വീട്ടുജോലിക്കായി വന്നതാണ് .ഇവള്‍ ഒരപകടത്തില്‍ പെട്ടിരിക്കുകയാണ് . എങ്ങിനെയെങ്കിലും രക്ഷപ്പെടുത്തണം. ജമിലയുടെ വാക്കുകള്‍ കരച്ചിലായി പുറത്തേക്കൊഴുകി .
ഞാന്‍ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു. സാരമില്ല എന്താണെങ്കിലും പറയൂ. നമുക്ക് പരിഹാരമുണ്ടാക്കാം .
രണ്ടുപേരും കരഞ്ഞുകൊണ്ടിരുന്നാല്‍ പ്രശ്നങ്ങള്‍ ഞാനെങ്ങിനെ അറിയും .
വരണ്ടുണങ്ങിയ ചുണ്ടുകള്‍ നാക്കുകൊണ്ട് നനച്ച് വിളറിയ വട്ടമുഖത്ത് പടര്‍ന്ന കണ്ണീര്‍ചാലുകള്‍ കയ്യിലിരുന്ന കൈലേസുകൊണ്ട് തുടച്ച് ജമീല വീണ്ടും സംസാരിക്കുവാന്‍ തുടങ്ങി.
വലിയൊരു മഴപെയ്തു തോര്‍ന്നപോലെ ജാനുവിന്റെ മനസ്സ് ശാന്തമാകുവാന്‍ തുടങ്ങി. ഓഫീസ് ബോയ് കൊണ്ടുകൊടുത്ത വെള്ളവും ചായയും രണ്ടുപേരും ആര്‍ത്തിയോടെ കുടിച്ചു.
നീണ്ടൊരു നെടുവീര്‍പ്പിനു ശേഷം ഇടറിയ ശബ്ദത്തില്‍ ജമീല പറഞ്ഞു
സര്‍ ഞങ്ങളെ കൈവിടരുത്.
കണാരേട്ടനാണ്' ഞങ്ങളെ ഇങ്ങോട്ടു പറഞ്ഞുവിട്ടത്. ഇവളിന്നലെ മരിക്കാന്‍ പോയതാണ്'.. ഞാന്‍ കണ്ടില്ലായിരുന്നെങ്കില്‍ ........
മൂക്കിനു താഴെ നുനുനുനുത്ത കുഞ്ഞു രോമങ്ങളുള്ള വെളുത്ത് വിളറിയ ജമീല യുടെമുഖത്ത് വീണ്ടും കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങി.
ഞാന്‍ ജാനുവിനെ നോക്കി.
വെളുത്ത ശരീരവും നീണ്ട കഴുത്തും ചുരുണ്ട മുടിയും നാല്‍പ്പതില്‍ താഴെ പ്രായവും സാമാന്യ സൌന്ദര്യവുമുള്ള ജാനുവിന്റെ ഉള്ളിലെരിയുന്ന തീക്കനലിന്റെ ചൂടേറ്റ് മുഖം കരുവാളിച്ചിരിക്കുന്നു.അനുഭവിക്കുന്ന മാനസിക പീഢനങ്ങളുടെ വേദനകള്‍ മുഖത്ത് പ്രകടമായിരുന്നു.
പ്രശ്നത്തിന്റെ ഗൌരവം കണക്കിലെടുത്ത് ഞാന്‍ എന്റെ അസിസ്റ്റന്റിനോടു പറഞ്ഞു ഇനിയുള്ള സന്ദര്‍ശകരെ നമുക്ക് ഉച്ചയ്ക്ക് ശേഷം കാണാം
. എന്റെ ഒഫീസ് സ്തിതിചെയ്യുന്ന സലാല ടൌണില്‍ നിന്നും അറുപതു കിലോമീറ്റര്‍ ദൂരത്തുള്ള മിര്‍ബാത്തില്‍ നിന്നാണ്' ജാനുവും ജമീലയും വരുന്നത്.
തിരക്കുകള്‍ മാറ്റിവെച്ച് ഞാനവരുടെ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നു.
വിഷമിക്കേണ്ട ......
എന്താണ്' പ്രശ്നങ്ങള്‍.. എല്ലാം സത്യസന്ധമായി പറയൂ..നമുക്കു പരിഹാരമുണ്ടാക്കാം .
ചായയും വെള്ളവും അകത്തു ചെന്നതുകൊണ്ടായിരിക്കാം ജമീലയുടെ വരണ്ടുണങ്ങിയ ചുണ്ടുകള്‍ വിടരുവാന്‍ തുടങ്ങി.
ആശ്വാസ വചനങ്ങള്‍ ആത്മാവില്‍ സ്പര്‍ശിച്ചതുകൊണ്ടാകാം മരുപ്പച്ച കണ്ട ഒട്ടകത്തെപ്പോലെ ജാനുവിന്റെ കണ്ണുകളില്‍പ്രകാശവും മുഖത്ത് വെള്ളിമേഘങ്ങളൂം പടരുന്നതുപോലെ തോന്നി.
സാര്‍ ജാനുവിന്' ലേബര്‍കാര്‍ഡും വിസയും പാസ്പോര്‍ട്ടുമില്ല.
ഇതു പറയാനായിരുന്നോ ഇത്രയും നേരം നിങ്ങളിരുന്നു കരഞ്ഞത്...?
അല്ല സാര്‍ ...ജാനുവിന്റെ ശരീരം മുഴുവന്‍.....ജമീല അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
ശരീരം മുഴുവന്‍.....?
ഞാന്‍പിന്നെയും ജാനുവിനെ നോക്കി.
കരഞ്ഞു വിര്‍ത്ത മുഖം മേല്ലെയുയര്‍ത്തി ജാനു വളരെ ദയനീയമായി എന്നെ നോക്കി .ഏതു ശിലാ ഹൃദയവും അലിയുന്ന നോട്ടം .
തെല്ലൊരു മടിയോടെ പതഞ്ഞുയരുന്ന പരിഭ്രമത്തോടെ ഒരുള്‍ ഭയത്തോടെ കഴുത്തില്‍ നിന്നും ഷാളുമാറ്റി ചുരിദാറിന്റെ കുടുക്കുകളഴിച്ച് പാതിയും പുറത്തിട്ട മാറിടം എന്നെ കാണിച്ചു.
ഒന്നേ നോക്കിയുള്ളു........
വെളുത്ത ചീട്ടിലെ കറുത്ത ആഡ്യനും ക്ളാവറും പോലെ മാറിടവും കഴുത്തും നിറയെ സിഗരറ്റു വെച്ചു പൊള്ളിച്ച അടയാളങ്ങള്‍.
ആ കാഴ്ചയുടെ ഷോക്കില്‍ ഞാന്‍ തരിച്ചിരുന്നു പോയി.
ഇതെങ്ങിനെ സംഭവിച്ചു...ആരാണീ ക്രൂരത ചെയ്തത്...?
നമുക്കുടനെ പോലീസില്‍ പരാതി നല്‍കണം .
എന്നിലെ ധാര്‍മ്മിക രോഷമുണര്‍ന്നു.
വേണ്ട സാര്‍....ജാനുവിന്റെ ദയനീയ സ്വരം .
പോലീസുകാര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല. അയാള്‍ സ്ഥലം വിട്ടു. എന്റെ കയ്യിലാണെങ്കില്‍ രേഖകളുമില്ല. എനിക്കെങ്ങിനെയെങ്കിലും നാട്ടില്‍ പോയാല്‍ മതി. എന്നെ രക്ഷിക്കണം. സാറിനെ ദൈവം രക്ഷിക്കും.
എനിക്കു രോഷം അടക്കുവാന്‍ കഴിഞ്ഞില്ല.
അല്പം പരുഷമായിത്തന്നെ ഞാന്‍ പറഞ്ഞു എന്നെ ദൈവം രക്ഷിച്ചിട്ടുണ്ട്. ഈ ക്രൂരത ചെയ്തവന്‍ ആരായാലും അവനെ വെറുതെ വിടരുത്.
ജാനു വീണ്ടും വിങ്ങിപ്പൊട്ടാന്‍ തുടങ്ങി.
ഞാന്‍ ജമീലയുടെ നേരേ തിരിഞ്ഞു.
സത്യം പറയൂ....ആരാണവന്‍..?
അവന്‍ നാട്ടിലേക്കു രക്ഷപ്പെട്ടു.
മറുപടി എനിക്കു ത്ര്"പ്തികരമായിരുന്നില്ല.
ഇവര്‍ എന്തൊക്കെയോ മറച്ചുപിടിച്ച് സംസാരിക്കുകയാണെന്ന് മനസ്സ് മന്ത്രിച്ചു.
സാരമില്ല. അവന്‍ നാട്ടിലേക്കു പോയാലും എമ്പസ്സി വഴി അവനെ നമുക്ക് നാട്ടില്‍ പിടിക്കാം. നിങ്ങളവന്റെ വിവരങ്ങള്‍ തന്നാല്‍ മതി. ഇതിനുള്ള ശിക്ഷ അവനനുഭവിക്കുകതന്നെ വേണം .
എന്റെ മുഖത്തു നോക്കാന്‍ ഭയമുള്ളതുപോലെ തല നിവര്‍ത്താതെ താഴോട്ടു നോക്കി ജാനു പറഞ്ഞു....
അയാള്‍ പാക്കിസ്ഥാനിയാണ്'.
ആനപ്പുറത്തിരുന്നവന്‍ കഴുതപ്പുറത്തായതു പോലെ, ഉയരത്തില്‍ പറക്കുന്ന ഫ്ലൈറ്റ് എയര്‍പോക്കറ്റില്‍ വീണതുപോലെ നിമിഷ നേരം കൊണ്ട് ഞാന്‍ കാറ്റുപോയ ബലൂണ്‍ പോലെയായി.
നാക്കിറങ്ങിപ്പോയി.....
മൌനം ഘനീഭവിച്ച നിമിഷങ്ങള്‍...
ശരി..നിങ്ങള്‍ എത്രയും വേഗം ഡോക്ടറെ കാണണം.
ഞാന്‍ അതിനുള്ള ഏര്‍പ്പാട് ചെയ്യാം.
ഡോക്ടറെ കണ്ടു....മേല്' പുരട്ടാനുള്ള മരുന്നും തന്നു.
ജമീലയാണ്' മറുപടി പറഞ്ഞത്.
ജാനുവിനെ എത്രയും വേഗം നാട്ടില്‍ എത്തിക്കണമെന്ന് ഡോക്ടറും പറഞ്ഞു.
അവള്‍......
അവള്‍....ഗര്‍ഭിണിയാണ്'...ഇപ്പോള്‍ രണ്ടുമാസം കഴിഞ്ഞു. അവള്‍ക്കിവിടെ ആരുമില്ല. അഞ്ചു കൊല്ലമായി നാട്ടില്‍ പോയിട്ടില്ല. പാസ്പോര്‍ട്ടിന്റെ കോപ്പി മാത്രമേ കയ്യിലുള്ളു. എങ്ങിനെയെങ്കിലും രക്ഷപ്പെടുത്തിയില്ലെങ്കില്‍ അവളിവിടെക്കിടന്നു മരിക്കും .
ഒറ്റ ശ്വാസത്തില്‍ ജമീല പറഞ്ഞു നിര്‍ത്തിയപ്പോള്‍ തളര്‍ന്നു പോയത് ഞാനായിരുന്നു.....
വിസയും ലേബര്‍കാര്‍ഡുമില്ലാത്തതിന്'പിഴയും തടവും . ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ വ്യഭിചാരക്കുറ്റം വേറെയും .
ഞാനാകെ ധര്‍മ്മ സങ്കടത്തിലായി . അഭയം തേടി വന്നവരെ അവരെത്ര മോശക്കാരായാലും കുറ്റപ്പെടുത്തി തിരിച്ചയക്കുന്നതല്ലല്ലോ ധര്‍മ്മം .തണല്‍ തേടി വരുന്നവരെ തീക്കനലെറിഞ്ഞു വീഴ്ത്തുന്നതല്ലല്ലോ മനുഷ്യത്വം . ജാനു ചെയ്തതൊക്കെ കുറ്റമാണ് . രേഖകളില്ലാതെ ഇത്രകാലം ഇവിടെ നിന്നതും വഴിവിട്ട ജീവിതം നയിച്ചതും അവിഹിത ഗര്‍ഭം ധരിച്ചതും എല്ലാം കുറ്റമാണ് . അതുകൊണ്ടല്ലേ അകത്തും പുറത്തും പൊള്ളല്‍ ഏറ്റത്. ആശ്വാസ വചനങ്ങള്‍ക്ക് പകരം കുറ്റപ്പെടുത്തുന്ന ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഒരു പക്ഷേ ജീവിതംതന്നെ അവസാനിപ്പിക്കുന്നതിനെ ക്കുറിച്ച് വീണ്ടും ചിന്തിച്ചാലോ .....ചെയ്ത പ്രവൃത്തികള്‍ യോജിക്കാനോ അംഗീകരിക്കാനോ പറ്റാത്തതാണെങ്കിലും ഏതു സാഹചര്യത്തിലാണ് ഇങ്ങിനെയൊക്കെ സംഭവിച്ചതെന്നും അറിയില്ലല്ലോ . എന്തായാലും ജാനുവിന്റെ അവസ്ഥ വളരെ ദയനീയമാണ്. ഈയവസ്ഥയില്‍ പിടിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷ ഉറപ്പാണ്. ജാനുവിനെ ഇവിടെ വരുത്തിയ സ്പോണ്സര്‍ പോലീസിലോ ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിലോ പരാതികൊടുത്തിട്ടുന്ടോ എന്നും അറിയില്ല. സൌന്ദര്യം ആസ്വദിക്കാനും ശരീരം പങ്കുവെക്കാനും മാംസത്തിനു വിലപേശാനും നല്ല സമയത്ത് ഒരുപാടാളുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ തീക്കുണ്ടത്തില്‍ എരിയുമ്പോള്‍ അല്പമെങ്കിലും ആശ്വാസമാകുന്നത് കൂട്ടുകാരി ജമീല മാത്രം. മനോ രാജ്യത്തില്‍ മുഴുകി മൌനമായിരുന്ന എന്നെ സര്‍ വിളിയിലൂടെ ജാനു ഉണര്‍ത്തി .
സാറൊന്നും മിണ്ടാതിരിക്കുമ്പോള്‍ എനിക്ക് പേടിയാകുന്നു.
സാരമില്ല ...സമാധാനമായിരിക്കൂ ...എല്ലാറ്റിനും ഒരു പോംവഴി കണ്ടെത്താം .
ജമീല എവിടെയാണ് ജോലി ചെയ്യുന്നത് ....?
ഒട്ടും പ്രതീക്ഷിക്കാതെയുള്ള ചോദ്യം കേട്ട് ജമീല ഒന്ന് പരുങ്ങി .
ഞാന്‍ .......ഞാന്‍ ഒരറബിയുടെ ...
ജമീലയുടെ വിഷമവും പരിഭ്രമവും കണ്ടപ്പോള്‍ ഞാന്‍ ചോദ്യങ്ങളൊഴിവാക്കി
സാര്‍ ജാനുവിനെ കുറ്റപ്പെടുത്തരുത്‌. അവള്‍ ഒരു പാവമായത് കൊണ്ടാ ഇങ്ങിനെയൊക്കെ സംഭവിച്ചത് .
ഞാനൊന്നും പറഞ്ഞില്ലല്ലോ ...ഒന്നും ചോദിക്കുന്നുമില്ല.
നിങ്ങളെന്നോടു പറഞ്ഞതെല്ലാം സത്യമല്ലേ...
എല്ലാം സത്യമാണ് . പടച്ചോനാണെ സത്യോണ് സാര്‍
എങ്കില്‍ സമാധാനമായിരിക്കൂ .. ജമീല ജോലിക്ക് പോയ്‌ കൊള്ളൂ..ജാനു നാലഞ്ചു ദിവസം ഇവിടെ ഗവര്‍ന്മെന്റ് ആശുപത്രിയില്‍ വിശ്രമിക്കട്ടെ .അവിടെ സുരക്ഷിതമാണ് .
അടുത്ത സുഹൃത്ത് ഡോക്ടറുടെ സഹായത്താല്‍ ജാനുവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു .
രണ്ടുദിവസം കൊണ്ടു എമ്പസ്സിയില്‍ നിന്നും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വരുത്തി എമിഗ്രേഷന്‍ ഓഫീസറെയും ലേബര്‍ ഡയരക്ടറെയും നേരില്‍ കണ്ടു. ജാനുവിന്റെ ദയനീയാവസ്ഥ വളരെ ദയനിയമായ വിധത്തില്‍ അവരെ ബോധ്യപ്പെടുത്തിയപ്പോള്‍ അവരുടെ നല്ല മനസ്സ് കൊണ്ട് പിഴയും തടവും ഒഴിവാക്കിത്തന്നു .തടസ്സങ്ങളെല്ലാം നീങ്ങി ജാനുവിനുള്ള യാത്രാ മാര്‍ഗ്ഗം തുറന്നു കിട്ടിയപ്പോള്‍ മനസ്സിലെരിഞ്ഞിരുന്ന നേരിപ്പോട് മലവെള്ളത്തില്‍ ഒലിച്ചുപോയ ആശ്വാസം . എല്ലാദിവസവും ഫോണില്‍ ജാനുവിന്റെ കാര്യങ്ങള്‍ തിരക്കിയിരുന്ന ജമീലയ്ക്ക് പെരുന്നാളിന്റെ സന്തോഷം .
എന്നെ നന്ദിവാക്കുകള്‍ കൊണ്ടു പൊതിഞ്ഞു .
പിന്നെ ജാനുവിന്റെ കണ്ണില്‍ നിന്നും വന്നതൊക്കെ സന്തോഷ കണ്ണീരായിരുന്നു.
ഞാനും ഭാര്യയും ജമീലയും ഡോക്ടറും ( പേര് വെളിപ്പെടുത്തരുത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു.) കുടി ജാനുവിനെ എയര്‍പോര്‍ട്ടില്‍ യാത്രയാക്കിയപ്പോള്‍ ജാനു സൃഷ്ടിച്ച രംഗം ഹൃദയസ്പര്‍ശിയായിരുന്നു. വിവരണാതീതമായിരുന്നു .
ഭാര്യയെ കെട്ടിപ്പിടിച്ചു കരഞ്ഞ ജാനുവിന്റെ വയറ്റില്‍ നിന്നും ഒരു തേങ്ങല്‍ ഞാന്‍ കേട്ടുവോ .....
അത് അറവു ശാലയിലെ കുഞ്ഞാടിന്റെ പിടച്ചില്‍ പോലെ തോന്നിയോ .... ....?
മനസ്സ് മന്ത്രിച്ചു .....മാ.....നിഷാദ
----------------------------------------------------------------------------------------
അടുത്തത് ജാനു പറഞ്ഞ കരളലിയിപ്പിക്കുന്ന കഥ.( ആശുപത്രി യില്‍ വെച്ച് എന്റെയും ഡോക്ടറുടെയും മുപില്‍ ജാനു ഹൃദയം മലര്‍ക്കെ തുറന്നു . പന്ത്രണ്ടാം വയസ്സില്‍ വിടരും മുമ്പേ ചാരിത്ര്യം തല്ലിക്കൊഴിച്ച കല്‍പണിക്കാരനില്‍ നിന്നു തുടങ്ങി യ ദുരിത പര്‍വങ്ങള്‍ പറയാവുന്നതും പാടില്ലാത്തതുമെല്ലാം)
പണിപ്പുരയില്‍:- രാഗേഷിന്റെ രണ്ടാം ജന്മം
റോസമ്മയുടെ കടും കൈകള്‍
_____________________________________________________

2010, ജൂൺ 5, ശനിയാഴ്‌ച

നായ

ലതാന്തത്തില്‍ എന്റെ സുഹ്ര്'ത്ത് ആശാമോന്‍ അദ്ദേഹത്തിന്റെ കുറുങ്കഥയില്‍ ഒരു നരാധമനെ വിക്രമാദിത്യനെ ക്കൊണ്ട് നായ എന്നു വിളിപ്പിച്ചു. ( എന്തോ നല്ല സാധനം ഒഴിച്ചുകൊടുത്ത് പറയിപ്പിച്ചതാണ്')അപ്പോള്‍ തോന്നിയ നൈമിഷിക പ്രതികരണമാണ്'.

നായ (ഒരുപട്ടി ( ക്കുട്ടി )ക്കവിത.)

ഉണ്ണുന്ന ചോറിന്നു നന്ദികാണിക്കുന്ന
കണ്ണുചിമ്മാതെന്നും കാവലായ് നില്‍ക്കുന്ന
വെണ്ണപോല്‍ സ്നേഹം തുളുമ്പുംമനസ്സിന്റെ
കണ്ണാടിയല്ലയോ നായ......
നല്ലൊരു കണ്ണാളനല്ലയോ.....നായ.

ദുഃഖം

akita-0031.jpg
നല്ലവര്‍ മാനുഷരെന്നു കരുതിഞാന്‍
നാട്ടിലും വീട്ടിലും കാവലാളായ്
നല്ലതു വല്ലതും തിന്നുവാന്‍ കിട്ടിയാല്‍
നന്ദിയാല്‍ വാലാട്ടി വണങ്ങിടും ഞാന്‍

നാലുപേര്‍ വീട്ടില്‍വരുന്നോരു നേരത്ത്
നായകവേഷത്തില്‍ മുരടനക്കും
നേരം തെറ്റിയ നേരത്തൊരാളുടെ
നിഴല്‍കണ്ടാലവരെത്തുരത്തിടും ഞാന്‍

നാടിനെക്കാക്കുന്ന പോലീസിലെന്നുടെ
നേരായ സേവനം വാഴ്ത്തിടുന്നു .
നന്മ നിറഞ്ഞവരെന്നുടെ സ്നേഹത്തെ
നാടാകെപ്പാടിപ്പുകഴ്ത്തിടുന്നു .

നേരും നെറിയും നിറഞ്ഞവനെങ്കിലും
നായയെന്നെന്നെ വിളിക്കുന്നു സര്‍വ്വരും
നീറുമാ വേദന കാര്‍ന്നുതിന്നുമ്പൊഴും
നാറുന്ന പട്ടിയെന്നാട്ടുന്നു പലരും

2010, ജൂൺ 3, വ്യാഴാഴ്‌ച

കിളികള്‍

ചിന്തോദ്ദീപകങ്ങളായ ലേഖനങ്ങളും സത്വ സമ്പന്നമായ കവിതകളും നിറഞ്ഞബ്ലോഗില്‍ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഒരു പൈങ്കിളിപ്പാട്ട്.

കിളികള്‍

ന്നെന്റെ വീടിന്റെ ചാരത്തെ ത്തോട്ടത്തില്‍
താരമ്പന്‍ കൊട്ടുന്ന കിളികളുണ്ട്.
താരാട്ടുപാടുന്ന തത്തമ്മക്കിളിയുണ്ട്
താളംപിടിക്കുന്ന മഞ്ഞോമല്‍കിളിയുണ്ട്
പാട്ടൊന്നുപാടുന്ന പുവ്വാലന്‍കിളിയുണ്ട്
പൂതപ്പാട്ടൊതുന്ന പൂത്താങ്കിരിയുണ്ട്
മെല്ലെപ്പറക്കുന്ന ചെല്ലക്കിളിയുണ്ട്
ചൊല്ലിച്ചിലച്ചു പറക്കും കിളിയുണ്ട്
കൂടൊന്നുകൂട്ടുന്ന കുരുവിക്കിളിയുണ്ട്
കൂട്ടത്തില്‍കൂടാത്ത കുഞ്ഞിക്കിളിയുണ്ട്
കൂട്ടംതെറ്റിയ കുഞ്ഞാറ്റക്കിളിയുണ്ട്
കുണുങ്ങിനടക്കുന്ന കൂത്താട്ടിക്കിളിയുണ്ട്
കൂടെപ്പറക്കുവാന്‍കൊതിയുള്ളകിളിയുണ്ട്
വര്‍ണ്ണങ്ങള്‍പൂശിയ ബഹുവര്‍ണ്ണക്കിളിയുണ്ട്
സ്വര്‍ണ്ണത്തിന്‍നിറമാര്‍ന്ന സ്വപ്നക്കിളിയുണ്ട്
സ്വപ്നങ്ങള്‍നെയ്യുന്ന സുന്ദരിക്കിളിയുണ്ട്
മാടിവിളിക്കുന്ന മാടത്തക്കിളിയുണ്ട്
മാറില്‍ചൊറിയുന്ന മാടപ്പിറാവുണ്ട്
മാനിക്കാനെന്നെയും കൂടെവിളിക്കുന്ന
മാനത്തൊരായിരം കിളികളുണ്ട്.
കൂടുന്നോകൂട്ടരേ കിളികളല്ലോ നമ്മള്‍
കൂട്ടിലടച്ചിട്ട കുഞ്ഞിക്കിളികള്‍......!

2010, ജൂൺ 2, ബുധനാഴ്‌ച

ആഞ്ചിയോഗ്രാം

പ്രിയമുള്ളവരേ... വാക്കുകള്‍ കുട്ടിവെച്ച് വരികളാക്കിയാല്‍ കവിതയാവില്ലെന്നറിയാം എന്നാലും മോഹങ്ങളല്ലേ......ക്ഷമിക്ക്യ ....സഹിക്ക്യ....അല്ലെങ്കില്‍ തന്നെ പലതും സഹിക്കേണ്ടവരുംപൊറുക്കേണ്ടവരുമല്ലേ നമ്മള്‍ . .നമുക്കിങ്ങനെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പറഞ്ഞും, പാടിയും അറിവുകള്‍ കൈമാറിയും ക്രമേണ നല്ല സുഹ്ര്'ത്തുക്കളാവാം . നല്ല സുഹ്ര്'ത്തുക്കളെ കിട്ടുവാന്‍ വലിയ പ്രയാസമുള്ള കാലമല്ലേയിത്. സൌഹ്ര്'ദ ബന്ധം ശക്തമായാല്‍ പിന്നെ നമുക്ക് സുഖ ദുഖഃങ്ങളും ചേതനകളും വേദനകളും ചിന്തകളുമൊക്കെ പങ്കുവെക്കാമല്ലെ. ആഹാ..എന്തു രസമായിരിക്കും . ആ രസത്തിലേക്കു പ്രവേശിക്കുവാനുള്ള വഴി തുറക്കാം . ഓരോ അറിവും ഓരോ മുറിവാണെന്നതു പോലെ ഓരോ യാത്രയും വ്യത്യസ്തമായ ഓരോ അനുഭവമാണ്'. വ്യത്യസ്തമായ സ്ഥലങ്ങളിലേക്കുള്ള യാത്ര പോലെത്തന്നെ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലേക്കുള്ള യാത്രയും പുത്തന്‍ അനുഭവങ്ങളാണ്'. ഭുമിമലയാളം എന്ന പെറ്റമ്മയെ പിരിഞ്ഞ് ഈയുള്ളവന്‍ ഗള്‍ഫിലെ സലാലയെന്ന പോറ്റമ്മയുടെ തണലിലായി. ആയമ്മയുടെ റൊട്ടിയും പാലും കഴിച്ച് ചോരയും നീരും വെച്ച് കൊഴുത്തു തടിച്ചപ്പോള്‍ പിന്നെ യാത്രകളായി.അങ്ങിനെ യൂറോപ്യന്‍ രാജ്യങ്ങളും കിഴക്കനേഷ്യന്‍ രാജ്യങ്ങളും മിഡിലീസ്റ്റുമൊക്കെ കറങ്ങി വ്യത്യസ്തമായ തീറ്റകളും അനുഭവങ്ങളും സംസ്കാരങ്ങളുമേറ്റുവാങ്ങി വീണ്ടും പോറ്റമ്മയുടെ തൊട്ടിലില്‍ താരാട്ടുകേട്ടു സുഖശയനത്തില്‍ മുഴുകിയപ്പോഴാണ്'അടുത്തയാത്രയുടെ വിളി വന്നത്. തികച്ചും വ്യത്യസ്തമായ ഒരു യാത്ര.സുഖകരമായ അവസ്ഥയില്‍ നിന്നും അസുഖകരമായ അസുഖാവസ്ഥയിലേക്ക്. അവിടെ നിന്നും ചികില്‍സ തേടി മറ്റൊരു യാത്ര. ആ യാത്രയിലാണ്' ഞാന്‍ ആഞ്ചിയോഗ്രാം എന്ന പരിശോധനാ രീതിയെ പരിചയപ്പെടുന്നത്. ആരീതി എനിക്കിഷ്ടപ്പെട്ടു. അതും ഒരുപുതിയ അനുഭവമായിരുന്നു. അതുഞാന്‍ കവിതാ രൂപത്തില്‍ എഴുതിനോക്കി. അതാണ്'.......
"ആന്‍ഞ്ചിയോഗ്രാം"

തുര ശുശ്രൂഷകളെത്ര സുതാര്യമിപ്പോള്‍
നൂതന ശാസ്ത്രവിദ്യകളരങ്ങേറുന്നതനുദിനം
വേദനകളകറ്റുവാനാശ്വാസവചനങ്ങള്‍പോലും
ആധുനികതകളേറ്റുവാങ്ങിപ്പുതുരീതിയായി.
നെഞ്ചുവേദനയെന്നുകേട്ടാല്‍ കുടുംബത്തിന്‍
നെഞ്ചകം പിളരുന്നതു കഴിഞ്ഞകാലം
ആഞ്ചിയോഗ്രാമിലറിയാം ഹ്ര്'ത്തിലെത്തടസ്സങ്ങള്‍
ആഞ്ചിയോപ്ലാസ്റ്റിയിലതു മാറ്റുന്നതു പുതിയ ലോകം.

കുഴല്‍ വെച്ചു നോക്കി ഡോക്ടറിരുത്തിയും കിടത്തിയും
നിഴല്‍പോലെ നഴ്സുമാരാജ്ഞക്കു കാതോര്‍ത്തുനിന്നു.
തുഴപോയ തോണിപോല്‍മനംലക്ഷ്യമില്ലാതലയവെ -
കുഴപ്പമി"ല്ലീസിജിയെടുക്കണമെക്സറേയും" "ബ്ലഡും"നോക്കണം
പഴക്കമേറെയായില്ലെ പ്രഷറിന്നും, ഷുഗറിന്നും മരുന്നുകള്‍
കഴിവതുംനിര്‍ത്താം നടത്താം നാളെത്തന്നെ"യാഞ്ചിയോ"

വെള്ളരിപ്രാക്കള്‍തന്‍ചിറകടിയൊച്ചയും , കുറുകലും
തുള്ളിക്കൊരുകുടംപെയ്യുംപേമാരിത്താളവും കേട്ടുണരവേ-
വെള്ളപ്പട്ടില്‍പൊന്‍തൊങ്ങലുപോലൊരു നഴ്സിന്‍കിളിമൊഴി
വെള്ളത്തുണിയുടുക്കണമടിയിലൊന്നുംവേണ്ടതിന്‍മുന്‍പീ
കള്ളിത്തുണിമാറ്റിത്തോര്‍ത്തുടുത്തോളൂ ക്ഷൌരംചെയ്യേണമടിമുടി.
തള്ളിവന്നചിരിയുള്ളിലൊതുക്കിദുഖിതയായടുത്തു നില്പൂ പ്രിയ ഭാര്യ.
തുള്ളിക്കളികളാല്‍ മനം നിറമുള്ള ക്ഷൌരസ്വപ്നങ്ങളില്‍ മുഴുകവേ
വെള്ളിടിവെട്ടുമ്പോലൊരു ശബ്ദം രോഗിവരണം രോമം കളയാന്‍ വന്നവന്‍ഞാന്‍.

എല്ലാംകളഞ്ഞു വളര്‍ന്നരോമങ്ങളെല്ലാം തുടച്ചയാള്‍ പരുക്കന്‍ കൈകളാല്‍ ചത്ത-
പല്ലിതന്‍ദേഹംപോലാക്കി രോമാവ്ര്'തമെന്‍ മേനിയും കൈകാല്‍കളും.
കള്ളിമാറ്റി വെള്ളയുടുത്തു തൂവല്‍കൊഴിഞ്ഞ കോഴിപോല്‍നില്‍ക്കേ-
വെള്ളാമ്പല്‍ വിടര്‍ന്നപോലൊരു നഴ്സിന്‍തേന്മൊഴി പോകാം "തിയ്യെറ്ററില്‍"

പണ്ടത്തെ ക്ര്'സ്തീയമുത്തശ്ശിതന്‍ റൌക്ക പോലൊരു ജാക്കറ്റണിഞ്ഞുന്തു-
വണ്ടിക്കസേരയിലിരുന്നെത്തിയതടിപൊളിയാഞ്ചിയോ തിയ്യെറ്ററില്‍.

ഹാ ഇതെന്തുലോകംഡോക്ടറും, നഴ്സും രോഗിയുമെല്ലാമൊരേജാക്കറ്റില-
ഹോ രാത്രംപൊരുതുന്നു കാലന്റെ കൈകളില്‍ നിന്നും ജീവനെ രക്ഷിക്കുവാന്‍.
പാല്‍പുഞ്ചിരിയിലമ്ര്'തംപകര്‍ന്നൊരു സോദരി പറഞ്ഞു കിടക്കാമീക്കട്ടിലില്‍.
കാല്‍ക്കക്ഷവുംകൈകളുംതടവി നാഡിപിടിച്ചുഡോക്ടര്‍പറഞ്ഞാഞ്ചിയോ കയ്യിലാവാം.

മോണകാട്ടിച്ചിരിക്കുന്നൊരുസിസ്റ്റര്‍ സ്നേഹാദരങ്ങളാല്‍മൊഴിഞ്ഞു
മോണിട്ടറില്‍നോക്കിക്കിടന്നോളൂ കാണാംഹ്ര്'ദയത്തിന്‍കാഴ്ചകളവിടെ
കണിക്കൊന്നപൂത്തപോലൊരു സിസ്റ്റര്‍പയ്യെക്കയ്യില്‍കയറ്റിയൊരുസൂചി
മണമുള്ളൊരൌഷധംവലംകയ്യില്‍പുരട്ടി ഡോക്ടറുംകയറ്റിക്കടുപ്പത്തിലൊരുസൂചി
കാണാം ഹ്ര്'ത്തിലെത്തടസ്സങ്ങള്‍തേടിക്കേബിളിന്‍യാത്ര ഞരമ്പിലൂടെ
പണിയെടുത്തുകേബിള്‍തിരിച്ചെത്തിയഞ്ചുമിനിറ്റിനുള്ളില്‍ക്കഴിഞ്ഞാഞ്ചിയോഗ്രാം.

പേരുകേട്ടപ്പോള്‍ഭയത്താലുറക്കത്തില്‍പറഞ്ഞാഞ്ചിയോ ആഞ്ചിയോ
പേരിന്നുപോലുമില്ലൊരുവേദനയകത്തുംപുറത്തും "ഇതുതാനഞ്ചിയോഗ്രാം"

2010, ജൂൺ 1, ചൊവ്വാഴ്ച

ഹര്‍ത്താല്‍ ( കവിത..........? )

കര്‍ത്താവിനോടെത്ര പ്രാര്‍ത്ഥിച്ചു നിത്യവും
കീര്‍ത്തനം ചൊല്ലിയലഞ്ഞു ക്ഷേത്രങ്ങളില്‍
നിര്‍ത്തുവാന്‍ കൂട്ടായ് നമസ്കരിച്ചെന്നിട്ടും
ഹര്‍ത്താലിന്നില്ലൊരു കോട്ടവുമിതുവരെ.

വേണ്ട ഹര്‍ത്താലെന്നു നാട്ടുകാര്‍മൊത്തവും
ചെണ്ടകൊട്ടി നാടുനീളെപ്പറഞ്ഞിട്ടും
കണ്ടമാനം ചര്‍ച്ച ടീവിയില്‍ കണ്ടിട്ടും
വേണ്ടായിരുന്നെന്നു കോര്‍ട്ടു പറഞ്ഞിട്ടും
കൊണ്ടാടുന്നു ഹര്‍ത്താലുല്‍സവമ്പോലെനാം

പണ്ടത്തെയല്ലല്ലൊ പാര്‍ട്ടികളിപ്പോള്‍
കൊണ്ടും കൊടുത്തും വളരേണ്ടവര്‍ നാം
ഗുണ്ടകള്‍ വാഴാനവസരമുണ്ടാക്കി-
ക്കൊണ്ടുവേണം നാം ഹര്‍ത്താല്‍ വളര്‍ത്തുവാന്‍.

വണ്ടിയില്‍ ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും
ഗുണ്ടെറിഞ്ഞവരുടെ വണ്ടിതകര്‍ത്തു.
പണ്ടത്തെ നേതാവെന്നറിയുന്നൊരു വ്ര്'ദ്ധന്നു
രണ്ടിടി നെഞ്ചത്തു കൂടുതല്‍ കിട്ടി.
കടകള്‍ തകര്‍ക്കുവാന്‍ വന്നര്‍വാരി -
മടിനിറച്ചാഘോഷ ഭേരി മുഴക്കി.

നടുവൊടിഞ്ഞൊരുമാടക്കടയിലെക്കുലകള്‍
പടലക്കണക്കിന്നകത്താക്കി ഹര്‍ത്താല്‍ .
തടിമിടുക്കുള്ളവര്‍ നാലഞ്ചുപേരാ -
കടയുടമ കിളവന്റെ കരണത്തടിച്ചൂ.
അടിയേറ്റു വീണുപിടയുന്നിരകളെ
വടിവാളു വീശിത്തുരത്തുന്നു ഗുണ്ടകള്‍

ഇടയ്ക്കിടെപ്പൊങ്ങുന്ന ഹര്‍ത്താല്‍ധ്വനിത -
ന്നിടിവെട്ടില്‍ഞെട്ടിത്തരിക്കുന്നു ജീവിതം
ഇടനെഞ്ചുപൊട്ടിക്കരയുന്നു പൊതുജനം
കൊടിവെച്ചകാറില്‍ പറക്കുന്നു മന്ത്രിമാര്‍

വെടിയുമ്പറഞ്ഞിരുന്നേസി മുറികളില്‍
പടഹധ്വനികള്‍ മുഴക്കുന്നു നേതാക്കള്‍
സ്പടികഗ്ലാസ്സുകള്‍ നിറച്ചൊഴിച്ചങ്ങിനെ
പടുത്തുയര്‍ത്തുന്നൂ ജനായത്ത ഭരണം .

പെട്ടിക്കണക്കിന്നിറക്കണംകുപ്പികള്‍
പൊട്ടിച്ചുഹര്‍ത്താല്‍ രസകരമാക്കണം
കെട്ടുകളെത്രയിറക്കണംബോംബിന്റെ
ചുട്ടുകരിക്കണം പട്ടണം പകുതിയും.
പട്ടിണി പരിവട്ടം പാര്‍ട്ടിക്കറിയേണ്ട
തട്ടിക്കളയേണമെതിരുപറഞ്ഞെന്നാല്‍.

പാര്‍ട്ടിയാപ്പീസില്‍ കണക്കുകള്‍ നോക്കീ
ഹാര്‍ട്ടു തകര്‍ന്നിന്നു മരിച്ചവരെത്രപേര്‍
പാര്‍ട്ടിക്കുനേട്ടമുള്ളിന്നത്തെ ഹര്‍ത്താലിന്‍
ചാര്‍ട്ടില്‍ വരും രക്തസാക്ഷികളെത്രപേര്‍
വോട്ടുപിടിക്കുവാന്‍ചെല്ലുമ്പോള്‍നാളെയീ-
ചാര്‍ട്ടുകളെത്ര ഗുണം ചെയ്യുമറിയുമോ
പൊതുമുതല്‍പോയാലും പൊതുജനം ചത്താലും
പൊതുവില്‍ ഹര്‍ത്താല്‍ വിജയത്തിലാകണം

പൊതുജനം കഴുതയെന്നാരു പറഞ്ഞൂ
പൊതുവെയൊരുല്‍സവമാക്കിനാം ഹര്‍ത്താല്‍.