പേജുകള്‍‌

2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

പ്രഭവ പര്‍വത്തില്‍ വിനീതനായി പ്രഭു

അര്‍ച്ചയാമേവ ഹരയേയ         
പൂജാം ശ്രദ്ധയേ ഹതേ
നതത്  ഭക്ത്യെഷു ചാന്യേഷു
സഭക്ത പ്രാകൃതാ സ്മൃത .
ചുറ്റുപാടുകള്‍ നോക്കാതെ  ക്ഷേത്രത്തിലെ വിഗ്രഹത്തെ മാത്രം നോക്കി പൂജ നടത്തുന്നവര്‍ കപട ഭക്തരാണ്  .........ഭഗവത് ഗീത .
എത്ര ശരിയാണ്. നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ കാണാതെ , വേദനകള്‍ കാണാതെ വ്യാകുലതകളും ദീനങ്ങളും കാണാതെ, വിശപ്പിന്റെ വിളികേള്‍ക്കാതെ നാം ക്ഷേത്രങ്ങളില്‍ നെയ്യഭിഷേകവും ,പാലഭിഷേകവും നടത്തുന്നു .
പള്ളി ഭണ്ഡാരങ്ങളില്‍ നേര്‍ച്ചയായി സ്വര്‍ണ്ണക്കട്ടികളും , നോട്ടുകെട്ടുകളുമിടുന്നു  . ഉയര്‍ന്ന മിനാരങ്ങള്‍ പണിയുന്നു . ചര്‍ച്ചുകളില്‍ പൊന്‍ കുരിശുകള്‍ സ്ഥാപിക്കുന്നു . കൊത്തുപണികളുള്ള വാതിലുകള്‍ പിടിപ്പിക്കുന്നു . ദേവാലയങ്ങള്‍ക്ക് കനത്ത കരിങ്കല്‍ ഭിത്തികളും ഉയരത്തില്‍ മതില്‍കെട്ടുകളും തീര്‍ക്കുന്നു   . 
ആര്‍ക്കു വേണ്ടി ..
ദൈവത്തിനു വേണ്ടിയോ ....
ദൈവം എവിടെയാണ് ....
മനുഷ്യര്‍ പണിതുയര്‍ത്തിയ കരിങ്കല്‍ കൊട്ടയ്ക്കകത്താണോ 
മനുഷ്യ നിര്‍മ്മിതമായ കരിങ്കല്‍ വിഗ്രഹത്തിലാണോ ......
കള്ളപ്പണക്കാരുടെ പൊന്നില്‍ തീര്‍ത്ത കുരിശിലാണോ ....
ഉയരങ്ങളില്‍ പൊക്കിക്കെട്ടിയ സ്വര്‍ണ്ണം പൂശിയ പള്ളിമിനാരങ്ങളിലാണോ .....
അതോ  നല്ല മനുഷ്യരുടെ ഹൃദയത്തിലാണോ.........?
 അന്വേഷണം വിഫലമാകുമോ ....?  ചിന്തകള്‍ വികലങ്ങളാകുമോ  .....?
എന്‍റെ പ്രിയ സുഹൃത്ത്  ഡോക്ടര്‍ പ്രഭുവിന്റെ അനുഭവം ഞാന്‍ നിങ്ങളുമായി പങ്കു വെക്കുമ്പോള്‍ ഒരു പക്ഷെ നിങ്ങള്‍ക്കെന്നെ തിരുത്തുവാന്‍ കഴിയുമെന്ന് തോന്നുന്നു . 
                     
ഔപചാരികതകളില്ലാതെ ക്യാബിനിലേക്ക്‌ കടന്നു ചെന്നപ്പോള്‍ സ്വതസിദ്ധമായ പ്രസന്ന വദനത്തില്‍ വിടര്‍ന്ന പുഞ്ചിരിയുടെ അകമ്പടിയോടെ ഡോക്ടര്‍ പ്രഭു എതിരേറ്റു .രോഗികളുടെ തിരക്ക് കുറഞ്ഞ സമയമായിരുന്നതു കൊണ്ട് കുശലപ്രശ്നങ്ങള്‍ക്ക് ശേഷം ഡോക്ടര്‍ ചോദിച്ചു.......
 എന്താണാവോ അപ്രതീക്ഷിതമായി ഇങ്ങിനെയൊരു വരവ് ....
മുഖവുരയില്ലാതെ ഞാന്‍ പറഞ്ഞു.....
 ഡോക്ടറെ ഒന്ന് സങ്കടപ്പെടുത്തുവാന്‍ വന്നതാണ്. 
ഒരു പൊട്ടിച്ചിരിയുടെ പൂത്തിരി കത്തിച്ചുകൊണ്ട് ഡോക്ടര്‍ എന്നെ നോക്കി .
ആ നോട്ടം അര്‍ത്ഥഗര്‍ഭമായിരുന്നു.
വേദനകളുടെയും , ദുഖങ്ങളുടെയും അനിര്‍വചനീയമായ സങ്കടങ്ങളുടെയും , വിലമതിക്കാനാകാത്ത നഷ്ടത്തിന്റെയും തീച്ചൂളയില്‍ വെന്തുരുകി ഉയിര്‍ത്തെഴുന്നേറ്റയാളെ ഇനിയെങ്ങിനെ സങ്കടപ്പെടുത്തുവാന്‍ , ഇനിയെങ്ങിനെ ദുഖിപ്പിക്കുവാന്‍ ....
ഡോക്ടറുടെ അനുഭവം എനിക്കെന്റെ ബ്ലോഗു സുഹൃത്തുക്കളുമായി പങ്കുവെക്കണം . ആര്‍ക്കെങ്കിലും അതുപകരിക്കുമെങ്കില്‍ , ഗുണ പാഠമാകുമെങ്കില്‍ ഞാനും ഡോക്ടറും കൃതാര്‍ത്ഥരാവില്ലേ...
തീര്‍ച്ചയായും... അബ്ദുള്‍ഖാദര്‍ എഴുതിക്കോളൂ ....എല്ലാക്കാര്യങ്ങളും അറിയാവുന്നതല്ലേ . സംശയങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഞാന്‍ തീര്‍ത്തു തരാം.
ഡോക്ടര്‍ ഒരു ചെറു സംശയം ....സൌഹൃദത്തിനുമപ്പുറം ഡോക്ടറെ കാണുമ്പോള്‍ എന്നിലുണരുന്ന ആദ്യ വികാരം അസൂയയാണ് ...എന്താവാം കാരണം ....?
ചിരിയുടെ മാലപ്പടക്കത്തിനു തീ കൊളുത്തി ഡോക്ടര്‍ പറഞ്ഞു ....
നിങ്ങടെയൊക്കെ അസൂയ കാരണം എന്‍റെ മുടിയൊക്കെ കുറേശ്ശെ കൊഴിഞ്ഞു തുടങ്ങി .
അയ്യോ ഡോക്ടര്‍ എന്‍റെ അസൂയ അനാരോഗ്യകരമല്ല .
 തികച്ചും ആരോഗ്യകരമാണ് . 
നിഷ്ക്കളങ്കമാണ് . ( ഡോക്ടര്‍ ചിരിക്കുന്നു )
ഇത്രയും തീവ്രമായ വേദനകളും, ദുരിതങ്ങളും അനുഭവിച്ചിട്ടും ഈ പ്രസരിപ്പും, യുവത്വവും, സന്തോഷവും നിലനിര്‍ത്തുവാന്‍ എങ്ങിനെ കഴിയുന്നു ...?
സ്മിതകുസുമങ്ങള്‍ സുഗന്ധം പരത്തിയ കവിളുകളില്‍ അറിയാതെ കയറി വന്ന ശോകത്തിന്റെ മ്ലാനത 
കനത്തു കറുത്ത മീശയില്‍ കാര്യത്തിന്റെ ഗൌരവം പടര്‍ന്നു .
പ്രതാപത്തിന്റെ പ്രതീകമെന്നോണം എഴുന്നു നില്‍ക്കുന്ന പുരികങ്ങള്‍ക്ക് നിശ്ചയ ദാര്‍ഢ്യത്തിന്റെ കരുത്ത് .
സാത്വിക ഭാവം തുളുമ്പി നില്‍ക്കുന്ന കണ്ണുകള്‍ക്ക്‌ അസാധാരണ തിളക്കം .
കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ദൃഷ്ടികള്‍ വിദൂരത യിലേക്ക് പായിച്ചു കൊണ്ട്  ഒരശരീരിയെന്നോണം ഡോക്ടര്‍ പറഞ്ഞു ....
ചുട്ടു പഴുത്ത എന്‍റെ ഗ്രീഷ്മങ്ങളെ ഞാന്‍ മറക്കുന്നു .....
മധുരമൂറുന്ന കഴിഞ്ഞകാല  വസന്തങ്ങളെ അയവിറക്കുന്നു .....
എന്‍റെ പത്മിനിയുറങ്ങുന്ന ഈ മണ്ണിന്റെ ഗന്ധമേറ്റ്  ഞാന്‍ ജീവിക്കുന്നു ....
വരും ജന്മത്തിലും പത്മിനിയുടെ കയ്യും പിടിച്ച് ഈ മണ്ണിലൂടെ നടക്കണം ........
എന്‍റെ പാട്ടുകള്‍ കേട്ടു മതിവരാതെ , സ്നേഹിച്ചു കൊതി തീരാതെ എന്നെ തനിച്ചാക്കി പ്പോയ എന്‍റെ പത്മിനിയ്ക്കു വേണ്ടി ഇനിയും പാടണം .....
ഒരു ജന്മം സ്നേഹിച്ചാലും തീരാത്തത്ര സ്നേഹം ഇനിയും ബാക്കി.
എന്‍റെ സ്നേഹത്തിന്റെ ആഴവും പരപ്പും ആത്മാര്‍ഥതയും രോഗഗ്രസ്തയായ എന്‍റെ പത്മിനിക്കു വേണ്ടി സമര്‍പ്പിക്കുവാന്‍ കഴിഞ്ഞതിന്റെ ആത്മ സംതൃപ്തിയാണ് സന്തോഷമായി നിങ്ങള്‍ കാണുന്നത് .
അടുത്ത ജന്മത്തില്‍ എന്‍റെ പ്രാണ പ്രേയസിയെ ഹൃദയപൂര്‍വ്വം പുണരുവാനുള്ള ആവേശമാണ് എന്നില്‍ നിങ്ങള്‍ കാണുന്ന യുവത്വം .
ഹൃദയത്തിന്റെ അഗാധ തലങ്ങളില്‍ സ്പര്‍ശിച്ച് പ്രതിധ്വനിക്കുന്ന വാക്കുകള്‍ കേട്ടെന്റെ കണ്ണുകള്‍ സജലങ്ങളായി .
സമുദ്രം പോലെ വിശാലമായ സ്നേഹത്തിന്റെയും അണമുറിയാതൊഴുകുന്ന അമൂല്യമായ പ്രണയത്തിന്റെയും അമൃത തുല്യമായ വാക്കുകള്‍. .........
സംസാരിച്ചു കൊണ്ടിരുന്ന ഡോക്ടര്‍ പ്രഭുവും, ശ്രോതാവായ ഞാനും  സ്വപ്നാടകരെപ്പോലെ മറ്റേതോ ലോകത്തായിരുന്നു .
കതകില്‍ മുട്ടി അകത്തേയ്ക്ക് വന്ന സിസ്റ്ററാണ്  ഞങ്ങളുടെ ശ്രദ്ധ തിരിച്ചത് .
വെള്ള വസ്ത്രം ധരിച്ച വെളുത്ത കണ്ണടക്കാരിക്ക്  ഡോക്ടര്‍ എന്നെ പരിചയപ്പെടുത്തി .
സിസ്റ്റര്‍ ...ഇതെന്റെ അടുത്ത സുഹൃത്ത് അബ്ദുള്‍ഖാദര്‍......
അറിയാം സാര്‍ ...ചിലപ്പോഴൊക്കെ ടീവിയിലും ,പത്രത്തിലുമൊക്കെ കണ്ടിട്ടുണ്ട് . നാട്ടില്‍ വര്‍ഗ്ഗീസച്ചായന്റെ മകളുടെ കല്യാണത്തിനും സാറിനെ കണ്ടിരുന്നു .
അപ്രതീക്ഷിതമായികിട്ടിയ ആ പ്രശംസയില്‍ ഞാനറിയാതെ തന്നെ ഇരിപ്പിടം പൊങ്ങുന്നതായിത്തോന്നി .
ഞാനിറങ്ങട്ടെ ഡോക്ടര്‍ .......
പെഷ്യന്റ്സ് കാത്തിരിക്കുന്നു .
ഡോക്ടര്‍ പ്രഭുവിനോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സ് നിറയെ ഡോക്ടര്‍ പത്മിനിയായിരുന്നു .ഡോക്ടര്‍ പ്രഭുവിന്റെ പ്രിയ പത്നി .
ആരോഗ്യവും സൗന്ദര്യവും സ്വഭാവ ഗുണവും ദൈവം വാരിക്കോരിക്കൊടുത്തു.
ജനങ്ങളെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും നിയോഗിക്കപ്പെട്ട ധന്യമായ ജീവിതം .
ഹൃദ്യമായ പെരുമാറ്റം കൊണ്ടും , വിനയാന്വിതമായ സമീപനം കൊണ്ടും എല്ലാവരുടെ യും , വിശിഷ്യാ സാധാരണക്കാരുടെ മനം കവര്‍ന്ന വ്യക്തിത്വം . 
ഭര്‍ത്താവിന് പ്രിയപ്പെട്ട  ഭാര്യ ......
മക്കള്‍ക്ക്‌ മനോഹരിയായ അമ്മ .....
നാട്ടുകാര്‍ക്ക് നല്ല ഡോക്ട്രര്‍ .......
സുഹൃത്തുക്കള്‍ക്ക് ഉത്തമയായ സുഹൃത്ത് ....
അതായിരുന്നു ഡോക്ടര്‍ പത്മിനി ......
സലാല സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റലില്‍ ദീര്‍ഘ കാലം സേവന മനുഷ്ടിച്ച മാതൃകാ ദമ്പതികളായിരുന്നു ഡോക്ടര്‍ പ്രഭുവും ഡോക്ടര്‍ പത്മിനിയും .
അനുഗ്രഹങ്ങള്‍ വേണ്ടുവോളം ചൊരിഞ്ഞു കൊടുത്ത ദൈവം പരീക്ഷണത്തിനും ഡോക്ടര്‍ പത്മിനിയെത്തന്നെ തിരഞ്ഞെടുക്കുമെന്ന് സ്വപ്നേപി കരുതിയിരുന്നില്ല . 
അല്ലെങ്കിലും മനുഷ്യന്റെ കണക്കു കൂട്ടലുകള്‍ക്കതീതമാണല്ലോ ദൈവത്തിന്റെ  തീരുമാനങ്ങള്‍ .
അമ്പതാം വയസ്സില്‍ അള്‍ഷിമേഴ്സ് രോഗം ബാധിച്ചു ദുരിതക്കയങ്ങളിലേക്ക് നീങ്ങി അകാലത്തില്‍ പൊലിഞ്ഞുപോയപ്പോള്‍ ഡോക്ടര്‍ പത്മിനിയെ അറിഞ്ഞവരില്‍ ഈറനണിയാത്ത കണ്ണുകളില്ലായിരുന്നു. 
കോളേജ് കാമ്പസ്സില്‍ മൊട്ടിട്ട പ്രണയം പൂത്തുലഞ്ഞ് ദാമ്പത്യത്തിലെത്തിയപ്പോഴും , അച്ഛനമ്മമാരായപ്പോഴും , മക്കള്‍ വളര്‍ന്നപ്പോഴും , പ്രണയത്തിന്റെ തീവ്രത നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയായിരുന്നു .
നല്ലൊരു പാട്ടുകാരനായ ഡോക്ടര്‍ പ്രഭു അന്നൊക്കെ പാടിയിരുന്നത് അധികവും പ്രണയ ഗീതങ്ങളായിരുന്നു. 
ആ പ്രണയത്തിന്റെ ആവേശവും , ആത്മാര്‍ഥതയും കൈവിടാതെയാണ് മറവി രോഗം ബാധിച്ചു ജീവച്ഛവമായി മാറിയ തന്‍റെ ഹൃദയേശ്വരിയെ അന്ത്യനാള്‍ വരെ ഡോക്ടര്‍ പ്രഭു   ശുശ്രൂഷിച്ചത് .
അത് കേവലം ഭര്‍ത്താവിന്റെ കടമ നിര്‍വ്വഹിക്കലായിരുന്നില്ല. 
 അതിനുമപ്പുറം നിര്‍വ്വചിക്കാനാകാത്ത ഒരു ദൈവീക നിയോഗം പോലെയായിരുന്നു .
ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് ചിരിക്കാനറിയാതെ , കരയാനറിയാതെ ,വികാരങ്ങളും വിചാരങ്ങളുമറിയാതെ, വേദനകളറിയാതെ, നടക്കുന്നതും,ഇരിക്കുന്നതും, കിടക്കുന്നതുമറിയാതെ, വിശപ്പും ദാഹവും പറയാനറിയാതെ , വിസര്‍ജ്യങ്ങളെന്തെ ന്നറിയാതെ , അതുപോകുന്നതെങ്ങിനെയെന്നറിയാതെ , ഭക്ഷണം കഴിക്കുന്നതെങ്ങിനെ യെന്നറിയാതെ, കിടന്നാല്‍ ചരിഞ്ഞു കിടക്കുന്നതെങ്ങിനെയെന്നറിയാതെ , കേവലം ജീവന്‍ തുടിക്കുന്ന ഒരു ശരീരം മാത്രമായി മാറിയ തന്‍റെ പ്രാണ പ്രേയസ്സിയുടെ അവസ്ഥ കണ്ട് ഡോക്ടര്‍ പ്രഭുവിന്റെ ഹൃദയം തകര്‍ന്നു . 
ആ തകര്‍ച്ചയിലും തന്‍റെ പ്രിയതമയെ പരിചരിക്കാന്‍ മാറ്റാര്‍ക്കും വിട്ടുകൊടുത്തില്ല
മനസ്സും ശരീരവും സമര്‍പ്പിച്ചുകൊണ്ടുള്ള തീവ്ര പരിചരണം  സ്വയം ഏറ്റെടുക്കുകയായിരുന്നു . ലഭ്യമാകുന്ന എല്ലാ ചികിത്സകളും നടത്തി .കൃത്യമായ ചികില്‍സയില്ലെന്നറിഞ്ഞിട്ടും പല സ്ഥലങ്ങളിലും കൊണ്ടു പോയി . അമേരിക്കയില്‍ നിന്നും മരുന്നുകള്‍ വരുത്തി . നടക്കുമ്പോള്‍ നിഴലു പോലെ കൂടെ നടന്നു .എവിടെയെങ്കിലും തടഞ്ഞു വീണാലോ എന്ന ഭയം . ഉറങ്ങുമ്പോള്‍ കണ്ണു ചിമ്മാതെ കാവലിരുന്നു. ഉറക്കത്തില്‍ അറിയാതെ എഴുന്നേറ്റു നടന്നാലോ എന്ന ഭയം . കുളിപ്പിക്കുവാനും, വിസര്‍ജ്യങ്ങള്‍ വൃത്തിയാക്കാനും ,വസ്ത്രം ധരിപ്പിക്കുവാനും , ഭക്ഷണം കൊടുക്കുവാനും മറ്റാരെയും അനുവദിക്കാതെ സ്വയം സമര്‍പ്പിച്ചു .
ആ പ്രവൃത്തിയും , സമര്‍പ്പണവും സമൂഹത്തിനുള്ള മഹത്തായ സന്ദേശമായിരുന്നു . 
കുട്ടികളെ നോക്കുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധയും , സൂക്ഷ്മതയും വേണം അള്‍ഷിമേഴ്സ് രോഗികളെ പരിചരിക്കുവാന്‍ .
കുട്ടികളുടെ ബുദ്ധി വളര്‍ന്നു കൊണ്ടിരിക്കുകയാണ് .അള്‍ഷിമേഴ്സ് രോഗികളുടെ ബുദ്ധിയും, ഓര്‍മ്മയും അനുദിനമെന്നോണം നശിച്ചു കൊണ്ടിരിക്കുകയാണ് . അവര്‍ ചെയ്യുന്നതൊന്നും അവരറിയുന്നില്ല . നടക്കുമ്പോള്‍ മുന്‍പില്‍ എന്ത് തടസ്സങ്ങളുണ്ടായാലും തിരിച്ചറിയുന്നില്ല .ഏതു സമയത്തും തട്ടിത്തടഞ്ഞു വീഴാം . അങ്ങിനെ അപകടങ്ങള്‍  സംഭവിക്കാം . ഉറക്കത്തിലും എഴുന്നേറ്റു നടക്കാം . എവിടേക്കെന്നറിയില്ല .അതുകൊണ്ടു തന്നെ ഏറ്റവും അടുത്ത , ആത്മാര്‍ഥതയുള്ളവര്‍ തന്നെ വേണം അവരെ പരിചരിക്കാന്‍. അതിനു കഴിയാത്തവര്‍  ഇത്തരം രോഗികളെ പരിചരിക്കാന്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച സ്വയം സമര്‍പ്പിതരായ ജീവ കാരുണ്യ പ്രവര്‍ത്തകരെ ഏല്‍പ്പിക്കണം . ഒരിക്കലും സാധാരണ പരിചാരകരെയോ, തിരക്കുള്ള ബന്ധുക്കളെയോ  ഈ ദൌത്യം ഏല്‍പ്പിക്കരുത് . നല്ല ക്ഷമയും, സഹനശക്തിയും, നാളെ ഈയൊരവസ്ഥ തനിയ്ക്കും സംഭവിച്ചു കൂടെന്നില്ലല്ലോ എന്ന ധാര്‍മ്മിക ചിന്തയുള്ളവരുമായിരിക്കണം ഇത്തരം ദൌത്യങ്ങള്‍ ഏറ്റെടുക്കേണ്ടത് .
ഭ്രാന്തു പിടിച്ചവരെ ചങ്ങലക്കിടുന്നത് പോലെ , അല്ലെങ്കില്‍ ഭ്രാന്താശുപത്രിയില്‍ കൊണ്ടു തള്ളുന്നത് പോലെ അള്‍ഷിമേഴ്സ് രോഗികളെ അവഗണിക്കുന്ന ഒരു പ്രവണത വളര്‍ന്നു വരുന്നു . അത് കെട്ടുറപ്പുള്ള ഒരു സമൂഹത്തിനു ആശാസ്യമല്ല . സാംസ്കാരികവും ,ധാര്‍മ്മികവുമായ പൈതൃകത്തെ അവഗണിക്കലാണത് . അതിനെതിരെ മാനുഷികമായ , ധാര്‍മ്മികമായ ഒരു മുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു . നന്മ വറ്റിയിട്ടില്ലാത്ത സാമൂഹിക പ്രവര്‍ത്തകര്‍ക്കും ,പ്രസ്ഥാനങ്ങള്‍ക്കും അതിനു കഴിയും എന്നാണെന്റെ പ്രതീക്ഷ . ഡോക്ടര്‍ പ്രഭു  ഹൃദയത്തിന്റെ ഭാഷയില്‍ പറഞ്ഞു . 
ഷൊര്‍ണൂരില്‍ ആദ്യമായി മാധവ ഫാര്‍മസി തുടങ്ങിയ സാത്വികനായ മാധവന്‍ വൈദ്യരുടെ മകന്‍ . അനാഥര്‍ക്കും , അശരണര്‍ക്കും എന്നും അന്നം വിളമ്പി അവരോടൊപ്പം ഭക്ഷണം കഴിച്ചിരുന്ന മഹാ മനസ്ക്കരായ അച്ഛന്റെയും അമ്മയു ടെയും മകനായ ഡോക്ടര്‍ പ്രഭുവിന്റെ വാക്കുകള്‍ പെരുമ്പറയുടെ ശബ്ദം പോലെ എന്‍റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ മുഴങ്ങി.
പ്രായമായ രക്ഷിതാക്കളെ നാം വൃദ്ധ സദനങ്ങളില്‍ തള്ളുന്നു . രോഗികളെ പരിചരിക്കുന്നതിനു പകരം അവരെ വീടിന്റെ ഇരുളടഞ്ഞ മൂലകളില്‍ പാഴ് വസ്തുക്കളെപ്പോലെ ഉപേക്ഷിക്കുന്നു. 
ഇന്നലെകളില്‍ അവരുണ്ടാക്കിവെച്ച സുഖ സൌകര്യങ്ങളില്‍ മതിമറന്നാഹ്ലാദിക്കുന്നു.
മത്സരങ്ങളില്‍ മക്കള്‍ ജയിക്കുവാന്‍ ദൈവങ്ങള്‍ക്ക് കൈക്കൂലി കൊടുക്കുന്നു .
വിശപ്പിന്റെ നിലവിളിയുമായി വരുന്നവര്‍ക്ക് നേരെ വേട്ട നായ്ക്കളെ തുറന്നു വിടുന്നു .
പട്ടും പരവതാനിയും വിരിച്ചു ദൈവങ്ങളെ കുടിയിരുത്തുന്നു .
ഡോക്ടര്‍ പ്രഭു
ഇദ്ദേഹവുമായി ബന്ധപ്പെടണമെന്നാഗ്രഹിക്കുന്നവര്‍
എനിക്കൊരു ഇ മെയില്‍ അയക്കുക .
kaderbilad@gmail.com  
വേദ ഗ്രന്ഥങ്ങള്‍ കാഞ്ചനക്കൂട്ടില്‍ വെള്ളി വെളിച്ചത്തില്‍ തിളങ്ങുന്നു .
മതങ്ങള്‍ മനുഷ്യരെ തമ്മിലകറ്റുന്നു. പുതിയ പുതിയ മതിലുകള്‍ സൃഷ്ടിക്കുന്നു .
ഇതിനിടയില്‍ യഥാര്‍ത്ഥ ദൈവത്തെത്തേടിയുള്ള പ്രയാണത്തില്‍ നബി തിരുമേനിയുടെ  ആ മഹദ്വചനങ്ങള്‍ എനിക്കു വെളിച്ചമായി . ഇരുള്‍ മൂടിയ എന്‍റെ മനസ്സിന്റെ ഉള്ളറകളില്‍ നിലാവുദിച്ചത് പോലെ പ്രോജ്വലിച്ചു നില്‍ക്കുന്നു  ആ വാക്കുകള്‍ 
         
 അശരണരെ സഹായിക്കുന്നിടത്തും , നിസ്സഹായരെയും ,രോഗികളെയും പരിചരിക്കുന്നിടത്തും, വിശക്കുന്നവര്‍ക്ക് അന്നം കൊടുക്കുന്നിടത്തും ദൈവ സാമീപ്യമുണ്ടാകും..........